''നെയ്യാറ്റിൻകരയുടെ സ്വന്തം മജീദ് സാർ ''

ലേഖകൻ : അഡ്വ : വിനോദ് സെൻ


Dr-A-P-majeedkhan

സെൻട്രൽ എക്‌സൈസ് ഓഫീസറായ ശ്രീ.അലിസൻ മുഹമ്മദ് നികുതി പിരിക്കുവാൻ കന്യാകുമാരിയിലെ മണക്കുടിയിലുള്ള ഉപ്പളത്തിലേക്കു പോകുമ്പോൾ മകനായ ശ്രീ. എ. പി. മജീദ് ഖാനേയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. എൽ.പി സ്കൂൾ വിദ്യാർത്ഥിയായിരുന്നു ശ്രീ. എ. പി. മജീദ് ഖാൻ. ഉപ്പളത്തിലെ ഓഫീസിൽ അച്ഛനിരിക്കുന്ന കസേരയ്ക്ക്‌ പിന്നിൽ ശ്രീ. മജീദ് ഒതുങ്ങി നിൽക്കും. അച്ഛൻ ഓഫീസിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രീ.മജീദ് കസേരയുടെ പുറകിൽ നഖമുനകൊണ്ട് കോറി തന്റെ പേരെഴുതും. അനവധി ദിവസങ്ങൾ കോറൽ തുടർന്നപ്പോഴാണ് പണി പൂർത്തിയായത്.
അൻപത് വർഷങ്ങൾക്ക് ശേഷം ഡോ.മജീദ്ഖാൻ വീണ്ടും മണകുടിയിലെ ഉപ്പളത്തിലെത്തി. ഓഫീസിലപ്പോഴും ആ പഴയ കസേരയുണ്ട്. കസേരയുടെ പിന്നിൽ കാലം മായ്ക്കാത്ത സൂക്ഷിച്ച കുഞ്ഞു മജീദിന്റെ നഖമുനകൊണ്ടുള്ള എഴുത്തും. ഊഷ്മളമായ ബാല്യകാലസ്മൃതികളുടെ നഖപ്പാടുകൾ പേറുന്ന ആ കസേര വിലയ്ക്ക് ലഭിക്കുമോ എന്ന് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ ഉപ്പളം തന്നെ വിൽക്കുവാനിട്ടിരിക്കുകയാണെന്ന് മറുപടി. അങ്ങനെയാണ് 1999 -ൽ “പുത്തളം കെമിക്കൽസ്‘' എന്ന പേരിൽ ഉപ്പു നിർമ്മാണകമ്പനി ഡോ. മജീദ് ഖാൻ ആരംഭിക്കുന്നത്. കേരളത്തിൻറെ സപ്പ്ളൈക്കോ - ശബരി ഉപ്പിൻറെ വലിയൊരു ശതമാനം ഇവിടെ നിന്നുമാണ്.


സമ്മോഹനനമായ പ്രയാണമാണ് ഡോ.മജീദ്ഖാന്റെ ജീവിതം. കാലം കാത്തുവച്ച അവസരങ്ങളെ ഒന്നാകെ ഉപയോഗപെടുത്തിയുള്ള യാത്ര. എന്നും കരുത്തായി വർദ്ധിച്ചത് സൗഹൃദത്തിന്റെ ബലവും, ഉഴവും, മരമടിയും ഹരമായ കൗമാരക്കാരനിൽ നിന്നും നൂറുൽ ഇസ്ലാം ഡീമ്ഡ് യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദവിയിലേക്കുള്ള ഉയർച്ച അക്ഷീണ പ്രയത്നത്തിന്റെ വിജയഗാഥകളിൽ ഒന്നാണ്. നെയ്യാറ്റിൻകരയിൽ നിന്നും കൊളുത്തിയ ദീപശിഖകളിൽ ഒന്നും കെടാതെ കാലത്തിനു വെളിച്ചമായി വർദ്ധിക്കുന്നതുപോലെ ഈ മണ്ണിന്റെ മകനായ ഡോ.മജീദ്ഖാനും എക്കാലത്തും ലക്ഷ്യബോധമുള്ള മികച്ച പോരാളിയായിരുന്നു. പ്രതിബന്ധങ്ങളിലൊന്നും പതറാത്ത സൗമ്യനായ നിശ്ചയദാർഢ്യമുള്ള പോരാളി .
നെയ്യാറ്റിൻകരയിൽ ശ്രീ. അലിസൻ മുഹമ്മദിന്റെയും ശ്രീമതി.സൽമാബീവിയുടെയും മകനായി ജനനം. മൂന്ന് സഹോദരിമാരും ഒരു സഹോദരനും പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഊരൂട്ടുകാല ഗവ.സ്കൂളിൽ നിന്നാണ്. നാലാംക്ലാസ്സ് വരെ അവിടെ പഠിച്ചു. തുടർന്ന് പത്താംക്ലാസ് വരെ നെയ്യാറ്റിൻകര ഗവ.ബോയ്‌സ് ഹൈസ്കൂളിൽ പഠിച്ചു. സുഖദുഃഖ സമ്മിശ്രമായ വിദ്യാർത്ഥിജീവിതമായിരുന്നു ഡോ.മജീദ്ഖാന്റെത്.
സ്കൂൾ വിദ്യാഭാസത്തിനു ശേഷം എഞ്ചിനീയറിംഗ് പഠിക്കുവാൻ തൃശൂരിലേക്കു പോയി. രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്റെ കാലം. ഹോസ്‌റ്റലിൽ ബജ്‌റ കഞ്ഞിയാണ് ഭക്ഷണം. പുത്രസ്നേഹിയായ പിതാവിന് മകന്റെ അവസ്ഥയോടു യോജിക്കാനായില്ല

college letter

Dr-A-P-majeedkhan

20 ദിവസത്തെ പഠനം അവസാനിപ്പിച്ച് അദ്ദേഹം ശ്രീ. മജീദ്ഖാനെ വീട്ടിലേക്കു മടക്കിക്കൊണ്ടു വന്നു. ഇന്റർമീഡിയറ്റിന് പഠിച്ചത് തിരുവനന്തപുരം എം.ജി കോളേജിലാണ്. അദ്ധ്യാപകരുമായി ഗാഢസൗഹൃദം പുലർത്തിയ വിദ്യാർത്ഥിയായിരുന്നു ഡോ.മജീദ്ഖാൻ. തുടർന്ന് MGTELC കോഴ്‌സ് പഠിച്ചു .
വിദ്യാഭ്യാസരംഗത്ത് മജീദ്ഖാന്റെ പ്രയാണം ആരംഭിക്കുന്നതു 1954 - ൽ ആണ്. സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ഒരുവിധ കോഴ്സുകളും കേരളത്തിൽ ഇല്ലാതിരുന്ന സമയമായിരുന്നു അത്. തമിഴ്'നാട്ടിലാകട്ടെ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായിരുന്നു. അധ്യാപകനായിരുന്ന എസ്.കെ. പണിക്കർ (എം.ജി.റ്റി. പഠിപ്പിക്കാൻ 1956) നേതൃത്വത്തിലാണ് നെയ്യാറ്റിൻകരയിലെ അദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചത്. തമിഴ്‌നാട് സാങ്കേതിക വകുപ്പിന്റെ കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. പഠിക്കുന്നത് ഇവിടെയും പരീക്ഷയും സർട്ടിഫിക്കറ്റും തമിഴ്‌നാട്ടിൽനിന്നും ഇതായിരുന്നു അവസ്ഥ. ഒരു വർഷം കഴിഞ്ഞപ്പോൾ തുടങ്ങിവച്ച അധ്യാപകന് സ്ഥാപനത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടു. രണ്ടാമത്തെ ബാച്ച് ആരംഭിക്കുവാൻ ശ്രീ. തലയൽ കേശവൻനായരും ശ്രീ. കൈപ്പള്ളി കൃഷ്ണപിള്ളയുമടക്കമുള്ളവരുടെ സഹായഹസ്തം എത്തി. അപ്പോഴും തമിഴ്‌നാട്ടിലെ എം.ജി .റ്റി കോഴ്‌സാണ് പഠിപ്പിച്ചിരുന്നത്
തമിഴ്‌നാട്ടിലെ തൊഴിലധിഷ്ഠിത കോഴ്സുകൾ കേരളത്തിലും


ആരംഭിക്കണമെന്ന ആഗ്രഹത്തോടെ ശ്രീ.മജീദ്ഖാൻ അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലകൃഷ്ണപിള്ളയെ സമീപിച്ചു. പുതിയ കോഴ്സുകളുടെ സാധ്യതകളെക്കുറിച്ചും നടത്തിപ്പിനെകുറിച്ചും പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ എഞ്ചിനീയറിംഗ്(KGCEE ) എന്ന കോഴ്സ് നടത്താൻ തീരുമാനമായി. ശ്രീ. മജീദ്ഖാൻ, ശ്രീ. എം .പി .നാരായണൻ നായർ, കൊല്ലം സ്വദേശിയായ ശ്രീ.ഐസക് എന്നിവരുടെ ശ്രമഫലമായാണ് സർക്കാർ പുതിയ സാങ്കേതിക കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത്. ഈ കോഴ്സുകളുടെ ആദ്യ ബാച്ചുകൾക്കു ഇവരടക്കമുള്ളവർ അപേക്ഷ നൽകി.
മുൻസിപ്പൽ ചെയർമാൻ ശ്രീ.ചന്ദ്രശേഖരൻ നായരാണ് വാടകക്ക് ടൗൺഹാൾ അനുവദിച്ചത്. 1958 - ൽ നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ പ്രവർത്തനം ആരംഭിച്ച ITI ക്ക് അഖിലേന്ത്യ സാങ്കേതികവകുപ്പിന്റെ അനുമതിയില്ലായിരുന്നു. ശ്രീ.പട്ടംതാണുപിള്ളയാണ് അന്നത്തെ കേരളമുഖ്യമന്ത്രി.സാങ്കേതിക വകുപ്പിന്റെ നാഷണൽ ഡയറക്ടർ അക്കാലത്ത് തിരുവനന്തപുരത്തെത്തി.

college letter

Dr-A-P-majeedkhan

സംസ്ഥാന സർക്കാരുമായുള്ള ചർച്ചക്ക് ശേഷം മുഖ്യമന്ത്രിയുമായി കന്യാകുമാരി സന്ദർശനത്തിന് തിരിച്ചു. ശ്രീ.പട്ടത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ സ്വീകരിക്കാൻ വിദ്യാർഥികളുമായി ശ്രീ.മജീദ്ഖാൻ ITI ക്ക് മുന്നിൽ നിന്നു. എങ്ങനെയോ യാദ്യച്ഛികമെന്നോണം മുഖ്യമന്ത്രി അവിടെ ഇറങ്ങി. ഒപ്പം ഡയറക്ടറിനും മുഖ്യമന്ത്രിക്കും ഊഷ്മള സ്വീകരണം നൽകി. ഡയറക്ടർ വിദ്യാർഥികളുമായി സംസാരിച്ചു പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഹിന്ദി അറിയാവുന്ന വിദ്യാർഥികളുമായി സംവദിച്ചു. തിരികെ വരുമ്പോൾ കാണാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞു ഡയറക്ടർ പോയി. കന്യാകുമാരിയിൽ നിന്നും തിരികെ വരും വഴി രാത്രി 7 മണിക്ക് ഡയറക്ടർ വീണ്ടും ITI യിൽ ഇറങ്ങി. വിദ്യാർഥികൾക്ക് പരീക്ഷ എഴുതുവാൻ അനുമതി നൽകുമെന്ന് ഉറപ്പു നൽകി. പിന്നീട് ഒരുവിധ അറിയിപ്പും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. എന്നാൽ പരീക്ഷ സമയമായപ്പോൾ പോസ്‌റ്റോഫീസിൽ ചോദ്യപേപ്പർ ഡൽഹിയിൽ നിന്നും എത്തി. കവർ പൊട്ടിക്കാതെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ശ്രീ.ഒലിവർ സാറിന്റെ കൈകളിൽ എത്തിച്ചു. അന്നത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ഗോപാലകൃഷ്ണനും, ശ്രീ. വിക്രമൻ നായർക്കുമായിരുന്നു പരീക്ഷ നടത്താനുള്ള ചുമതല. പരീക്ഷ കഴിഞ്ഞ് സർട്ടിഫിക്കറ്റ്‌ ലഭിച്ചവർക്കെല്ലാം ജോലി ലഭിച്ചതോടെ അടുത്ത അദ്ധ്യയന വർഷം അഡ്മിഷന് തിരക്കായി. ടൗൺഹാളിൽ നിന്നും എം.വേലായുധൻ മുതലാളിയുടെ നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ജംഗ്ഷനിലെ കെട്ടിടത്തിലേക്ക് സ്ഥാപനം പറിച്ചു നടപ്പെട്ടതും ഇതേ കാലയളവിലാണ്.


കേരളത്തിന്റെ രൂപീകരണത്തോടൊപ്പം പ്രവർത്തനം ആരംഭിച്ച എൻ .ഐ എന്ന വിദ്യാഭ്യാസ സ്ഥാപനം കേരളത്തോടൊപ്പം വളരുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുക. അധികാര കേന്ദ്രങ്ങളുടെ ആശീർവാദത്തോടെ വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായി വന്നു ചേർന്ന ഗുണപരമായ മാറ്റങ്ങളെ അംഗീകരിച്ച് യാത്ര തുടരുന്നതിനാലാണ് ഇന്നും ഡോ.മജീദ്ഖാൻ പുതിയ സ്വപ്‌നങ്ങൾ കാണുന്നത്.
കേരളത്തിന്റെ ഭൂപരിഷ്കൃതബിൽ പാസ്സായി സർവ്വേ ഡിപ്പാർട്ട്മെന്റ് കേരളത്തിലുടനീളം ആദ്യമായി റീസർവ്വേ നടത്താൻ തീരുമാനിച്ചു. യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഡിപ്പാർട്ട്മെന്റിൽ ഇല്ല എന്ന വസ്തുത മനസ്സിലാക്കി സർവ്വേ ഡയറക്ടർ പ്രശ്നപരിഹാരത്തിന് എൻ. ഐ യുടെ സഹായം ആവശ്യപ്പെട്ടു. എൻ.ഐ ആരംഭിക്കുന്ന കോഴ്‌സുകൾക്ക് അനുമതി നൽകാൻ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറോട്‌ സർവ്വേ ഡയറക്ടർ ആവശ്യപ്പെട്ടു. ചെയിൻസർവ്വേ പഠിച്ചവരെ കണ്ടെത്തി, 9 മാസം കൊണ്ടവരെ ഹയർ സർവ്വേ കോഴ്സ് പഠിപ്പിച്ചു പരീക്ഷ എഴുതിക്കുവാൻ സർക്കാർ അനുമതി നൽകി. 286 വിദ്യാർത്ഥികൾ ഹയർസർവേ പഠിക്കുവാൻ ചേർന്നു. രാവിലെ 7 മണി മുതൽ 12 വരെയും 12 മണി മുതൽ 6 മണി വരെയും 6 മണി മുതൽ 10.30 വരെയും മൂന്ന് ഷിഫ്റ്റായാണ് 286 പേരെയും പഠിപ്പിച്ചത്. ടെക്‌നിക്കൽ ഡയറക്ടറേറ്റിൽ നിന്നും പരിശോധനനടത്തുകയും പഠനരീതിയിൽ അവർ തൃപ്തിപ്രകടിപ്പിക്കുകയും ചെയ്തു. പരീക്ഷ പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും സർവേ ഡിപ്പാർട്ട്മെന്റിൽ ജോലികിട്ടി. അക്കാലത്ത് കേരളത്തിനെ അളന്നു തിട്ടപ്പെടുത്തിയവരാകെ എൻ.ഐ.ഐ.റ്റി.ഐ.യിലെ വിദ്യാർത്ഥികളായിരുന്നു.

college letter

Dr-A-P-majeedkhan

വികസന വീഥിയിൽ കുതിച്ചു തുടങ്ങിയ കേരളത്തിന് വീണ്ടും പലവട്ടം ഈ സ്ഥാപനത്തിന്റെ സഹായം ആവശ്യമായിവന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് പൂർണ്ണവിശ്വാസമായിരുന്നു നെയ്യാറ്റിൻകരയിലെ ഈ സരസ്വതിക്ഷേത്രത്തെ.
ഈ കാലത്താണ് ഫിനാൻഷ്യൽ കോർപറേഷൻ തുടങ്ങുവാൻ കേരളാസർക്കാർ തീരുമാനിച്ചത്. സർവ്വേഡിപ്പാർട്ട്മെന്റിനുണ്ടായ അതെ പ്രശ്നത്തെ സർക്കാർ അഭിമുഖീകരിച്ചു. എൻ.ഐ.ഐ.റ്റി.ഐ ക്കു വീണ്ടും കോഴ്സ് തുടങ്ങുവാൻ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അനുമതി നൽകി. നിശ്ചിത സമയത്തിനുള്ളിൽ അൻപത് പേർക്ക് പരിശീലനം നൽകുകയും അവർക്കൊക്കെ സർക്കാരിൽ ഉദ്ദ്യോഗം ലഭിക്കുകയും ചെയ്തു. പോതുജനസമക്ഷത്തിൽ എൻ.ഐ.ഐ.റ്റി.ഐ യുടെ വിശ്വാസ്യത വർദ്ധിപ്പിക്കുവാൻ ഇടയാക്കിയ സംഭവങ്ങളായിരുന്നു ഇതെല്ലാം. അനുഷ്ഠാനം പോലെ സ്ഥാപനം നടത്തുകയല്ലായിരുന്നില്ല ശ്രീ.മജീദ്ഖാൻ. ഉപജീവനത്തിനൊരു ജോലി എന്ന സ്വപ്നവുമായി തന്റെ മുന്നിലെത്തുന്ന കൗമാരക്കാരുടെ സ്വപ്നസാക്ഷാത്കാരം തന്റെ കടമയായി അദ്ദേഹം ഏറ്റെടുത്തു. നിശ്ചിത സമയത്ത് അച്ചടക്കത്തോടെ പഠനം പൂർത്തിയാക്കി, പരീക്ഷ നടത്തി, യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ എൻ.ഐയുടെ ചുമതല അവസാനിച്ചു എന്നൊരിക്കലും അദ്ദേഹം കരുതിയില്ല. തന്റെ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ജോലി നല്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പൂർണശ്രദ്ധയും.
ശ്രീ.മങ്കൊന്പ് സ്വാമി ശ്രീകാര്യത്ത് ഇലക്ട്രിക്കൽ യൂണിറ്റ് തുടങ്ങി. എൻ.ഐയിൽ നിന്നും 20 പേരെ ജോലിക്കു എടുത്തിരുന്നു. മാനേജ്‌മെന്റുമായി അകാരണമായി തർക്കിച്ച് തൊഴിലാളികൾ സമരം ആരംഭിച്ചു.എന്നാൽ എൻ.ഐയിൽ പഠിച്ചവർ സമരം ചെയ്യാൻ കൂട്ടാക്കിയില്ല.


ഇത് ശ്രദ്ധയിൽപെട്ട സ്വാമി എൻ.ഐയിൽ നിന്നുള്ള 250 പേർക്ക് കൂടി ജോലി നൽകി. താമസം വിന ആ സ്ഥാപനം സംസ്ഥാനസർക്കാരിന്റെ കെൽട്രോൺ ആയി മാറി. അങ്ങനെ സർവേ ഡിപ്പാർട്ട്മെന്റ്‌പോലെ ഫിനാൻഷ്യൽ കോർപറേഷൻ പോലെ കേരളസംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽട്രോണിന്റെയും ആരംഭകാലത്തെ ഭൂരിഭാഗം ജീവനക്കാരും എൻ.ഐയിൽ നിന്നുള്ളവരായിരുന്നു. കെൽട്രോൺ ജീവനക്കാരായ ഇവരിൽ ഏറെ പേരും പരസ്പരം വിവാഹിതരാവുകയും ശ്രീകാര്യം ഭാഗത്ത് ഭൂമി വാങ്ങി വീട് വച്ച് താമസമാവുകയും ചെയ്തു. പിൽക്കാലത്തു ഡോ.മജീദ്ഖാൻ നെയ്യാറ്റിൻകരയിൽ നിംസ് മെഡിസിറ്റി ആരംഭിച്ചപ്പോൾ ശ്രീകാര്യത്തു നിന്നും ഇവർ ചികിത്സ തേടി നിംസിലെത്തി. തങ്ങളുടെ ജീവിതം കരുപിടിപ്പിച്ച കാരങ്ങളുമായുള്ള ആത്മബന്ധം തുടരുവാനാണ് ആദ്യകാല വിദ്യാർഥികളുടെ എക്കാലത്തെയും ആഗ്രഹം .
ഇക്കാലയളവിൽ എൻ.ഐ പ്രവർത്തിച്ചിരുന്നത് നെയ്യാറ്റിൻകര എം. വി. മുതലാളിയുടെ കെട്ടിടത്തിലാണ്. കേരളം വിദ്യാഭ്യാസരംഗത്തും വ്യവസായരംഗത്തും ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു. കേരളമെമ്പാടും 40 ഇൻഡസ്‌ട്രിയൽ യൂണിറ്റുകൾ സർക്കാർ സ്ഥാപിച്ചു. ധനുവച്ചപുരം എൻ. ടി .ഐ പ്രവർത്തനം ആരംഭിച്ചതും ഇക്കാലത്താണ്. 40 യൂണിറ്റുകളിൽ ഒന്ന് സർക്കാർ അനുമതിയോടെ ശ്രീ.മജീദ്ഖാൻ ഏറ്റെടുത്തു. ഇരുമ്പാപ്പീസ് എന്നാണ് ആളുകൾ അതിനെ വിളിച്ചിരുന്നത് .അമരവിളയിലാണ് യൂണിറ്റ് ആരംഭിച്ചത്. കപ്പോള ഫർനസിൽ ഇരുമ്പ് ഉരുക്കുന്നതു കാണാനുള്ള ജനത്തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പോലീസിന് ഇടപെടേണ്ടി വന്നിട്ടുണ്ട് ഇതിനൊപ്പം അലായി ഉത്പന്നങ്ങൾ നിർമ്മിച്ചു വിൽക്കുകയും ചെയ്തിരുന്നു.

college letter

Dr-A-P-majeedkhan

നവ ആശയങ്ങൾ ശരവേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള അനിതരസാധാരണമായ പാടവമാണ് വിദ്യാഭ്യാസ വിഹായസ്സിൽ വെന്നിക്കൊടി പാറിക്കാൻ സ്ഥാപനത്തിനും സാരഥിക്കും സഹായകമായത്. ഭരണാധികാരികൾ ആഗ്രഹിക്കുന്ന വികസനം വിദ്യാഭ്യാസവികസനത്തിലൂടെ യാഥാർഥ്യമാക്കാൻ അവരുമായി കൈകോർക്കുന്നതിന് ഒരിക്കലും അദ്ദേഹത്തിന് വൈമുഖ്യമുണ്ടായിരുന്നില്ല. ആദ്യകാലം മുതലുള്ള സൗഹൃദങ്ങൾ ഉലയാതെ ഉടയാതെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് എക്കാലവും കഴിഞ്ഞിരുന്നു. കണിശതയോടെ കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ കൗമാരത്തിലെ മരമടിക്കാരന്റെ സൂക്ഷ്മത ഏപ്പോഴും കൈമുതലായി ഒപ്പമുണ്ടായിരുന്നു. മണ്ണറിഞ്ഞു വിളവിറക്കുന്ന ഗ്രാമീണ കർഷകന്റെ മനസ്സാണ് അദ്ദേഹത്തിന് എപ്പോഴും. ലോകം മാറുന്നതിനനുസരിച്ചു എൻ.ഐയും മാറിക്കൊണ്ടിരുന്നു.കേരളത്തിലെ പാടങ്ങളിൽ എൻ.ആർ.എട്ട് എന്ന വിത്തിനം കൃഷി ചെയ്തപ്പോൾ അത് പൊഴിക്കുവാനുള്ള മെഷീന്-


ആവശ്യക്കാരേറെ. അതിന്റെ നിർമ്മാണം ഏറ്റെടുക്കാൻ എൻ.ഐ തയ്യാറായി. സംസ്ഥാന കൃഷി വകുപ്പ് 1000 മെഷീന് ഓർഡർ നൽകി. എൻ.ഐ 800 മെഷീനുകൾ സമയബന്ധിതമായി നിർമ്മിച്ചു നൽകി. അക്കാലത്ത് കോഴിവളർത്തൽ വ്യവസായമായി മാറിയിട്ടില്ല. വീടുകളിലെ തള്ളക്കോഴി അടയിരുന്നു മുട്ട വിരിയിക്കുന്നതാണ് പതിവ്. ഇൻക്യൂബേറ്റർ പ്രചാരത്തിൽ വന്നപ്പോൾ എൻ.ഐ അത് നിർമ്മിക്കാൻ ആരംഭിച്ചു ആവശ്യക്കാർ ഏറെയായിരുന്നു. കുറെ കാലം ഇൻക്യൂബേറ്റർ നിർമ്മാണവും വില്പനയും തകൃതിയായി നടന്നു. കാർഷികമേഖലയിലെ എൻ.ഐയുടെ മറ്റൊരിടപെടൽ ആയിരുന്നു വീഡർ നിർമ്മാണം. ഒല്ലൂക്കരയിൽ നിന്നും കാർഷിക സർവകലാശാലയിലെ വിദ്യാർഥികൾ ഞാറുനടീൽ പഠിക്കാൻ നെയ്യാറ്റിൻകര എൻ.ഐയിൽ എത്തുമായിരുന്നു. മൂന്നുകല്ലിൻമൂടിന് താഴെ ഉണ്ടായിരുന്ന പാടശേഖരത്തിലായിരുന്നു പരിശീലനം നൽകിയിരുന്നത്. വീഡറിന് ആവശ്യക്കാർ കുറഞ്ഞപ്പോൾ എൻ.ഐ അതിൽനിന്നു പിന്മാറി .
ഇലക്ട്രിസിറ്റി ബോർഡുമായി എൻ.ഐ ക്ക് ദീർഘകാല ബന്ധം ഉണ്ടായിരുന്നു. മലബാർ മേഖലയിലെ റോഡ് നവീകരണത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും KSEB ക്ക് നിർമ്മിച്ചു നൽകിയത് എൻ.ഐ ആയിരുന്നു. സാധനങ്ങൾ ക്ര്യത്യമായി നിർദ്ദിഷ്ട മേഖലയിൽ എത്തിച്ചു കൊടുക്കുന്നതിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ നേരിട്ടപ്പോൾ എൻ.ഐ ട്രാൻസ്‌പോർട് സർവീസും ആരംഭിച്ചു. പൊതുവഴിയിലെ വൈദ്യുതികരണത്തിനുള്ള സാധനങ്ങളുമായി മലബാർ മേഖലയിൽ സഞ്ചരിക്കുന്ന എൻ.ഐ യുടെ വാഹനങ്ങൾക്ക് രാജകീയ സീകരണമാണ് ലഭിച്ചിരുന്നത്.

college letter

Dr-A-P-majeedkhan

വൈദ്യുതികരണത്തിന് KSEB അതുവരെ ഉപയോഗിച്ചിരുന്നത് തേക്കിൻതടികൊണ്ടുള്ള പോസ്റ്റുകളായിരുന്നു. അതിനുപകരം കോൺക്രീറ്റ് പോസ്റ്റുകൾ കേരളത്തിലുടനീളം സ്ഥാപിക്കുവാൻ KSEB തീരുമാനിച്ചപ്പോൾ നിർമാണച്ചുമതല എൻ.ഐ ക്ക് നൽകി. കോൺക്രീറ്റ് പോസ്റ്റിനാവശ്യമായ മോഡലുകൾ KSEB ക്ക് കൈമാറി എൻ.ഐ ആ ചുമതലയിൽനിന്ന് പിന്നീട്‌ പിന്മാറി. മാറുന്ന കാലത്തിനനുസരിച്ചു അംഗീകാരമുള്ള കോഴ്സുകളുമായി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ശ്രീ.മജീദ്ഖാൻ ചുവടുറപ്പിച്ചത് നെയ്യാറ്റിൻകര മേഖലയിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് അനുഗ്രഹമായി. അധ്യയനം മാത്രമല്ല തന്റെ ചുമതലയെന്നു അദ്ദേഹം കർമം കൊണ്ട് തെളിയിച്ചു. ഓരോ കാലഘട്ടത്തിലെയും തൊഴിൽ കമ്പോളത്തിലെ സാദ്ധ്യതകൾ കണ്ടറിഞ്ഞു വിദ്യാർഥികളെ പരിശീലിപ്പിച്ചു ഉദ്യോഗസ്ഥരാക്കുന്നതിൽ അതീവജാഗ്രത എക്കാലത്തും ശ്രീ.മജീദ്ഖാൻ പുലർത്തിയിരുന്നു. അതിനൂതനമായ കോഴ്സുകളിലൂടെ മുന്നേറാനും കാലഹരണപ്പെട്ട കോഴ്സുകൾ കൃത്യമായി അവസാനിപ്പിക്കുവാനും അദ്ദേഹം എക്കാലവും ശ്രദ്ധപുലർത്തിയിരുന്നു. 1973-ൽ അമരവിള എൻ.ഐയിൽ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സ് ആരംഭിച്ചു.


രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ എൻ ഐ യിൽ എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കുവാൻ എത്തി. എൻ.ഐ.ഐ.ടി.ഐ യുടെ വളർച്ചക്ക് ഏറെ സഹായിച്ച പ്രധാന വ്യക്തികളാണ് നെയ്യാറ്റിൻകര ശ്രീ.എൻ .കെ. കൃഷ്‌ണപിള്ള, കാഞ്ഞിരംകുളം ശ്രീ. കുഞ്ഞികൃഷ്ണൻ നാടാർ, ഒറ്റശേഖരമംഗലം ശ്രീ. ജനാർദ്ദനൻ നായർ ,തേരികുന്നത്ത് ശ്രീ. തങ്കപ്പൻ നായർ, ശ്രീ .നാരയണൻ തമ്പി എം.എൽ.എ എന്നിവർ, പക്ഷഭേദം ഇല്ലാതെ എപ്പോഴും എല്ലാ കാര്യങ്ങളിലും നിരന്തരം സഹായിച്ചവരാണ് മേല്പറഞ്ഞവരെല്ലാം. ഇവരില്ലാതിരുന്നെങ്കിൽ എൻ.ഐ.ഐ.ടി.ഐയെ ഇത്രത്തോളം വളർത്തിക്കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല എന്ന് ശ്രീ . മജീദ്ഖാൻ പിൽക്കാലത്തു പറയുകയുണ്ടായി. കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുവാൻ മനസ് വന്നില്ല.. സ്തംഭനാവസ്ഥയിലായ കേരളത്തിലെ വിദ്യാഭ്യാസമേഖലയോട് പോരടിക്കുവാൻ നിൽക്കാതെ അദ്ദേഹം അയൽ സംസ്ഥാനത്തെ അതിർത്തി ജില്ലയായ കന്യാകുമാരിയിലെ തിരുവിതാംകോടിൽ 1984 ൽ പോളിടെക്‌നിക് ആരംഭിച്ചു. കേരളത്തിൽ സ്വകാര്യ പോളിടെക്‌നിക്കുകൾക്കെതിരെ ഐതിഹാസിക സമരങ്ങൾ വിജയം കണ്ടിരുന്ന കാലമാണത്.

college letter

Dr-A-P-majeedkhan

ഏറിയ കൂറും കേരളത്തിലെ വിദ്യാർത്ഥികളായിരുന്നു തിരുവിതാംകോടിലെ എൻ.ഐ ൽ പഠിച്ചിരുന്നത്. അമരവിളയിലെ എൻ.ഐ.ഐ.ടി.ഐ അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയും സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയുമായി വിഭജിക്കപ്പെട്ടിരുന്ന ലോകം പെട്ടന്നാണ് മിശ്ര സമ്പദ് വ്യവസ്ഥയിലേക്കു കടന്നത്. ലോകമെമ്പാടും നവീനമായ ആശയങ്ങളും പദ്ധതികളും ഉദയം ചെയ്തു. നമ്മുടെ രാജ്യവും അത്രയും കാലം പിന്തുടർന്ന പഴഞ്ചൻ പാതകൾ ഉപേക്ഷിക്കുവാൻ അതിദ്രുതം തയ്യാറെടുത്തു. 'എനിക്കൊരു സ്വപ്നമുണ്ട്' എന്ന് പ്രഖ്യാപിച്ചു അധികാരത്തിലേറിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായത്തെ സമൂല പരിവർധനത്തിനു വിധേയമാക്കി. തുടക്കം മുതൽ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന എൻ.ഐ. അവസരത്തിനൊത്തുയർന്നു. കന്യാകുമാരി ജില്ലയിലെ കുമാരൻകോവിലിൽ നൂറുൽ ഇസ്ലാം എഞ്ചിനീയറിംഗ് കോളേജ് 1989 -ൽ പ്രവർത്തനം ആരംഭിച്ചു . വിദ്യാർഥികളിലേറെയും അപ്പോഴും മലയാളികൾ തന്നെ. 1956 -ൽ തമിഴ്‌നാട് സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോഴ്സുകൾ കേരളത്തിൽ പഠിപ്പിച്ചത് തമിഴ്‌നാട്ടിൽ പരീക്ഷ എഴുതിച്ചു മലയാളികളെ ഉദ്യോഗസ്ഥരാക്കിയ എൻ.ഐ എന്ന സ്ഥാപനം 1984 മുതൽ പൂർണമായും തമിഴ്‌നാട്ടിൽ മലയാളികൾക്കായി പ്രവർത്തിച്ചു തുടങ്ങി. കാലാനുസൃതമായ മാറ്റങ്ങൾക്കുനേരെ മുഖം തിരിച്ചു തർക്കം പറയുന്ന പ്രവണത കേരളം അപ്പോഴും തുടർന്നു.


വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത സമീപനം തുടർന്നതിനാൽ സ്വാശ്രയവിദ്യാഭ്യാസമേഖല നേരിട്ട പ്രതിസന്ധികളൊന്നും എൻ.ഐയെ ബാധിച്ചില്ല. അടിസ്ഥാന ഗുണനിലവാരത്തിലും വിട്ടുവീഴച്ചയില്ലാതെ ഡോ. മജീദ്ഖാൻ തന്റെ പ്രയാണം തുടർന്നു. കന്യാകുമാരി ജില്ലയിൽ ഡോ. മജീദ്ഖാൻ ഇക്കാലയളവിൽ ഒരു ആർട്സ് കോളേജും തുടങ്ങിയിരുന്നു. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളീയ വിദ്യാഭ്യാസ മേഖല വളരെ വൈകിയാണെങ്കിലും പരിവർത്തനത്തിന് വിധേയമായി. പിറന്ന നാടിനോടുള്ള പ്രതിബദ്ധത വീണ്ടും പ്രകടിപ്പിച്ചുകൊണ്ട് 2006 -ൽ നെയ്യാറ്റിൻകരയിൽ നിംസ് ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. വിദ്യഭ്യാസരംഗത്തെ നൂറുൽ ഇസ്‌ലാമിന്റെ മികവിന് സാക്ഷ്യപത്രമായി സർവ്വകലാശാല പദവി ലഭ്യമായി. ഇരുപത്തി ഒന്നാം വയസ്സിൽ അദ്ധ്യാപകനായി ആരംഭിച്ച് നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ ചാൻസലറായി തുടരുമ്പോഴും അദ്ദേഹം കുട്ടികൾക്കും നാടിനുമായി പുതിയ സ്വപ്‌നങ്ങൾ നെയ്യുകയാണ്. വാടക കെട്ടിടത്തിലെ ഐ.ടി.ഐ യിൽ ആരംഭിച്ച അംഗീകൃത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും സർവ്വകലാശാലയായി ഡോ. മജീദ്ഖാനൊപ്പം എൻ.ഐ യും വളർന്നു. പുലർച്ചെ പാടമാകെ കലപ്പകൊണ്ട് ഉഴുതുമറിച്ച മരമടിച്ചു നിരപ്പാകുന്ന പഴയ കർഷക മനസ്സ് കൈമോശം വരാതെ കാത്തുസൂഷിക്കുന്നതിനാലാകണം ഈ കരുതൽ. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൃക്ഷലതാതികളുടെ പരിപാലനത്തിനും പഴയ കർഷക സ്പർശം തെളിഞ്ഞു കാണാം . യുദ്ധത്തിനും ബജ്‌റ കഞ്ഞിക്കും നന്ദി, കാരണം തൃശ്ശൂരിലെ വിദ്യാഭ്യാസം പൂർത്തിയായിരുന്നെങ്കിൽ കേരളത്തിലെ സർക്കാർ സർവീസിൽ ജീവനക്കാരനായ ശ്രീ.മജീദ്ഖാനെയായിരിക്കും നമുക്ക് ലഭിച്ചിരിക്കുക.

college letter
Dr-A-P-majeedkhan

മുടങ്ങിപ്പോയ വിദ്യാഭ്യാസമാണ് കാലത്തിനുമൊരു കാതം മുമ്പേ നടക്കുന്ന കർമ്മകുശലനായ തേരാളിയെ നാടിനു സമ്മാനിച്ചത്. പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അന്നമാകാൻ കഴിയുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാകാൻ കേവലം യാദിർശ്ചികമായ കാലത്തിന്റെ നിയോഗമല്ലിത്. ഇച്ഛാശക്തിയും ലക്ഷ്യബോധവും ദൃഢനിശ്ചയവും കഠിന പ്രയത്നവും ഒന്നുചേർന്നൊരു യാത്രയാണ്. ലക്ഷ്യങ്ങളും വഴിത്തിരുവുകളും അമരക്കാരനു മാത്രമറിയാവുന്നത്ര അക്ഷീണമായ പ്രയാണം തുടരുകയാണ്. തലമുറകൾക്കു മുന്നിൽ അറിവിന്റെ പാതയിലെ പ്രകാശമായി തുടരുന്ന പ്രയാണം